കണ്ണൂർ: നെടുംപൊയിൽ - പേര്യ - മാനന്തവാടി റോഡിൽ സമഗ്രവും ശാസ്ത്രീയവുമായ പരിശോധന നടത്തണമെന്ന ആവശ്യം ഉയരുന്നു. സോയിൽ പൈപ്പിങ്ങിൻ്റെ സാധ്യത വ്യാപകമായി ഉള്ള പ്രദേശങ്ങളിലൂടെയും വനമേഖലയിലൂടെയുമാണ് ഈ അന്തർ സംസ്ഥാന പ്രാധാന്യമുള്ള പാത കടന്നു പോകുന്നത് എന്നതിനാൽ തന്നെ പുനർനിർമാണം അത്യാവശ്യവും പഠനവിധേയവുമാക്കേണ്ടതുണ്ട്. 2022 ഓഗസ്റ്റ് ഒന്നിന് കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി മേഖലയിൽ വൻ പ്രകൃതിദുരന്തം ഉണ്ടായപ്പോൾ പേര്യ ചുരം റോഡിൽ പലയിടങ്ങളിൽ വിള്ളൽ രൂപപ്പെടുകയും ചിലയിടങ്ങളിൽ റോഡ് ഒലിച്ചുപോകുകയും ചെയ്തിരുന്നു. വയനാട് ദുരന്തം സംഭവിച്ച രാത്രിയിലും ചുരത്തിലെ നാലാം വളവിൽ വിള്ളൽ രൂപപ്പെടുകയും ഗതാഗതം പൂർണമായി നിരോധിക്കുകയും ചെയ്തു. നാലാം വളവിൽ, റോഡിൻ്റെ നടുവിലൂടെ മാത്രമല്ല ടാറിങ്ങിൻ്റെ ഒരു വശത്തും വിള്ളൽ ഉണ്ടായിരുന്നു. കൂടാതെ സമീപ മേഖലയിൽ പലയിടങ്ങളിലും മണ്ണിടിച്ചിലും ഉണ്ടായി. സെമിനാരിവില്ലയിലും വിള്ളൽ രൂപപ്പെട്ടതായി കണ്ടെത്തി. നിബിഢ ജനവാസ മേഖലകൾ അല്ലാത്തതും വനവും തോട്ടങ്ങളും നിറഞ്ഞതുമായ പ്രദേശങ്ങളിലൂടെയുള്ള റോഡിൻ്റെ പരിസരങ്ങളിലും വിശദമായതും ശാസ്ത്രീയമായതുമായ പരിശോധനകൾ നടത്തേണ്ടതുണ്ടായിരുന്നു. എന്നാൽ റോഡിലെ വിള്ളൽ ടാറിങ്ങിന് മുകളിൽ നാൽപത് മീറ്ററോളമായിരുന്നു എങ്കിൽ മണ്ണ് നീക്കം ചെയ്ത് പണികൾ ആരംഭിച്ചപ്പോൾ 100 മീറ്ററിലും അധിക നീളത്തിൽ ബാധിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. സെമിനാരി വില്ല മുതൽ ചുരത്തിലെ നാലാം വളവിലെ വിള്ളൽ വരെയുള്ള ദൂരത്തിനുള്ളിൽ വനത്തിലും തോട്ടങ്ങളിലുമായി പലയിടങ്ങളിൽ വിള്ളൽ ഉണ്ടാകാനുള്ള സാധ്യത വളരെയേറെയാണ്. മൊത്തം ബാധിത പ്രദേശങ്ങൾ പരിശോധിച്ചാൽ വിവിധയിടങ്ങളിലായി രണ്ട് കിലോമീറ്ററോളം ദൂരത്തിലെങ്കിലും വിള്ളൽ ബാധിക്കാമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സമാനമായി കേളകം പഞ്ചായത്തിലെ കൈലാസം പടിയിൽ കഴിഞ്ഞ 20 വർഷം കൊണ്ടാണ് സമാനമായ പ്രതിസന്ധി ഭീകര ഭാവത്തിലേക്ക് വളർന്നെത്തിയിട്ടുള്ളത്. കൊട്ടിയൂർ പഞ്ചായത്തിലെ അമ്പായത്തോട് മേമലയിലും ഏതാനും വർഷം മുൻപ് സമാനമായ രീതിയിൽ ദീർഘദൂരത്തിൽ വിള്ളൽ രൂപപ്പെട്ടിരുന്നു. അതിനാൽ തന്നെ നിർമാണങ്ങളും പുനർനിർമാണങ്ങളും നടത്തുമ്പോൾ സോയിൽ പൈപ്പിങ്ങ് സാധ്യതയുള്ള പ്രദേശങ്ങളിൽ വിപുലമായ പരിശോധനകളും പഠനങ്ങളും നടത്തേണ്ടതുണ്ട്. എന്നാൽ നെടുംപൊയിൽ - പേര്യ ചുരം റോഡിൻ്റെ പ്രാധാന്യം കണക്കിലെടുത്ത് തിരക്കിട്ട പുനർനിർമാണമാണ് ശുപാർശ ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാൽ പലപ്പോഴും ചെറിയ മണ്ണിടിച്ചിലുകൾ ഉണ്ടാകുന്നത് പണികളെ മന്ദഗതിയിലാക്കുകയാണ്. പ്രദേശത്തിൻ്റെ ഘടന ആശങ്കയുണ്ടാക്കുന്നതാണ് എന്നും അതു പ്രകാരമെങ്കിൽ ഉരുൾപൊട്ടലുകൾ ഇനിയും ഉണ്ടാകാമെന്നും പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി ഒ.ആർ. കേളു തന്നെ വിശദീകരിക്കുമ്പോൾ വിശദമായ പഠനം ആവശ്യമാണെന്ന വസ്തുതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
Cracks in the ground should be studied and detailed tests should be done on the surroundings.